അനുഭവങ്ങള്‍ പാളിച്ചകള്‍

കോഴിയാധിപത്യം –2013 (ഷാജി നായര്‍ )

അന്നും പതിവുപോലെ അഞ്ചരമണിക്ക് തന്നെ ഫോണില്‍ അലാറം അടിച്ചപ്പോള്‍ ആ കോഴി ഉറക്കമെഴുന്നേറ്റു.. എന്നത്തേയും പോലെ “Snooze”- ല്‍ പ്രസ്‌ ചെയ്യാതെ അലാറം ക്യാന്‍സല്‍ ചെയ്തു കോഴിക്കൂടിന്റെ മൂലയ്ക്ക് ഫോണ്‍വച്ചിട്ട് കൂട്ടില്‍ നിന്ന് പുറത്തിറങ്ങി. ചിറകുകള്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നറിയാന്‍ വെറുതെ മുകളിലെക്കും താഴേക്കും ചലിപ്പിച്ചു.. എന്നിട്ട് മെല്ലെ പടവുകള്‍കയറി മേലെ പറമ്പില്‍ എത്തി മതിലിനു മുകളില്‍കയറി.

ഉം. അമ്പലം കാണുന്നുണ്ട്... ആല്‍മരവും കാണുന്നുണ്ട്.. അതിന്റെ താഴെ തളച്ചിരുന്ന ആനയെ മാത്രം കാണുന്നില്ല..

“ഹേയ് ഡ്യൂഡ്, യു ലുക്ക്‌ സോ ഹാന്‍ഡ്‌സം ടുഡേ”

ആല്‍മരത്തിനു മുകളില്‍നിന്ന് വന്ന ശബ്ദം കേട്ട് ആ കോഴി അങ്ങോട്ട്‌ നോക്കി... അതി സുന്ദരിയായ ഒരു തത്ത. വാലന്‍ന്റൈന്‍സ് ഡേ അടുപ്പിച്ച് കണ്ട കണി കൊള്ളാലോ ദേവ്യേ..

“താങ്ക്സ്.. യു ടൂ ലുക്ക്‌ പ്രിറ്റി”...എന്നര്‍ത്ഥം വരുന്ന രീതിയില്‍ചിറകു വീശി ഒരു കൂവല്‍ അങ്ങട് കാച്ചി... കൂട്ടത്തില്‍ കണ്ണിറുക്കാനും മറന്നില്ല.. വെറുതേ ആലോചിച്ചു “കോഴി-തത്തമ്മ” പ്രേമം ഈ ലോകം അനുവദിച്ചു തരുമോ?..അതോ സദാചാര തെണ്ടികള്‍ പണി തരുമോ? കല്യാണം കഴിഞ്ഞാല്‍ അവള്‍ കോഴിക്കൂട്ടില്‍ താമസിക്കുമോ?, അതോ എനിക്ക് പറന്ന് ആലിന്റെ മുകളില്‍ പോകേണ്ടി വരുമോ? എന്തു ത്യാഗം ചെയ്യാനും ഞാന്‍ ഒരുക്കമാ..ഒരു ഐ ലവ് യു പറഞ്ഞു നോക്ക്യാലോ?

വീണ്ടും ആലിന്റെ മുകളിലേക്ക് നോക്കി .. ശ്യോ. അവളിതെവിടെ പോയി?

ങ്ങേ .. അവളല്ലേ ആ കൊടിമരത്തിനു മുകളില്‍ ഇരിക്കുന്നത്? നോട്ടി ഗേള്‍ .....ഞാന്‍ ഇവിടുന്നു കൂവിയാലും അവള്‍ കേള്‍ക്കില്ല... ഐ ലവ് യു നാളെ പറയാം.. .

മതിലിനു മുകളില്‍നിന്ന് ചാടിയിറങ്ങി ആ പൂവന്‍കോഴി മുന്നോട്ട് നടന്നു...ശീമപ്ലാവിനു താഴെ എന്തോ കൊത്തിപ്പറക്കി തിന്നുവായിരുന്ന തന്റെ വര്‍ഗത്തില്‍പെട്ട സുന്ദരി കോതകളെ നോക്കാന്‍ അവന് മനസ്സുണ്ടായില്ല... തന്റെ തത്തമ്മ ഹൂറിയുടെ സൌന്ദര്യത്തിനു മുന്‍പില്‍ ഇവളുമാരൊന്നും ഒന്നുമല്ല എന്ന ഭാവമായിരുന്നു അവന്..

തങ്ങളെ അവഗണിച്ചു നടന്നു നീങ്ങുന്ന അവനെ നോക്കി പിടക്കോഴികള്‍ പിറു പിറുത്തു ..

“ഹും... കിലോയ്ക്ക് നൂറ്റി നാല്പതു രൂപ വിലയുള്ള ശരീരവും വച്ച് നടക്കുന്ന അവന്റെ സ്റ്റൈല്‍ കണ്ടില്ലേ? സൂക്ഷിച്ചും കണ്ടും ഒക്കെ നടന്നോ... നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമല്ലോ ല്ലേ?”

ഇത് കേട്ടതും അവന്റെ നെഞ്ചൊന്നു കാളി... നാളെ ഫെബ്രുവരി പതിനാല്... വാലന്‍ന്റൈന്‍സ് ഡേ പ്രമാണിച്ച് മൊതലാളി തന്നെ പിടിച്ചു “ഫ്രൈ” ആക്കുമോ? അങ്ങനെ എങ്ങാന്‍ സംഭവിച്ചാല്‍ തത്തമ്മ ഹൂറിയുമായുള്ള പ്രണയം മുളയിലേ നുള്ളപ്പെടുമോ ?അങ്ങനെ സംഭവിച്ചാല്‍ “ദുരന്തപ്രണയത്തിന്റെ ഓര്‍മ്മക്കായി “കോഴിവാലന്‍ ഡേ” ആചരിക്കപ്പെടുമോ ?

****

ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങളുമായി നടന്നു നീങ്ങിയ ആ പൂവന്‍കോഴിയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണി തന്നെ കഴിക്കാം ന്ന് നോം അങ്ങട് വിചാരിക്കുന്നു.. ന്താ അഭിപ്രായം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ